ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) പത്തൊമ്പതാമത് വാർഷികവും അവാർഡ് ദാന ചടങ്ങും സമുചിതമായി സംഘടിപ്പിക്കുന്നു. ജൂൺമാസം അഞ്ചാം തീയതി വൈകിട്ട് 7 -മണിക്ക് ടുബ്ലിയിലുള്ള മർമ്മരിസ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ പ്രമുഖ നയതന്ത്രജ്ഞനും വിവിധ രാജ്യങ്ങളിൽ അംബാസഡറുമായിരുന്ന ടി പി ശ്രീനിവാസൻ മുഖ്യ അതിഥിയായി പങ്കെടുക്കും. സുപ്രീം കോർട്ടിലെ അഡ്വക്കേറ്റ് റെക്കോർഡ് അഡ്വക്കേറ്റ് ദീപ ജോസഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടന എല്ലാവർഷവും നൽകി വരാറുള്ള പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് അങ്കമാലിയിൽ നിന്നുള്ള ഹിമാൻ റോബോപാർക്ക് ഉടമസ്ഥൻ ജോസ് കെ ടി -ക്ക് സമ്മാനിക്കും. മൂക്കന്നൂർ ജോഷ്മാൾ ഉടമ ഔസേപ്പച്ചൻ തെക്കേടത്തിന് പാൻ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിക്കും. 25 വർഷം പൂർത്തിയാക്കിയ സംഘടനയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ പാൻ ബഹറിൻ പ്രസിഡണ്ട് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, കമ്മറ്റി അംഗം റൈസൺ വർഗീസ്, കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രോഗ്രാം കൺവീനർ ഡോളി ജോർജ്,തുടങ്ങിയവർ പങ്കെടുത്തു.

