മലയാളി പ്രവാസിയുടെ പ്രതീക്ഷകൾക്ക് വിധിയുടെ കനിവുണ്ടായില്ല;ആദിൽ ഹുസൈൻ യാത്രയായി

  • Home-FINAL
  • Business & Strategy
  • മലയാളി പ്രവാസിയുടെ പ്രതീക്ഷകൾക്ക് വിധിയുടെ കനിവുണ്ടായില്ല;ആദിൽ ഹുസൈൻ യാത്രയായി

മലയാളി പ്രവാസിയുടെ പ്രതീക്ഷകൾക്ക് വിധിയുടെ കനിവുണ്ടായില്ല;ആദിൽ ഹുസൈൻ യാത്രയായി


കാത്തിരിപ്പുകളും പ്രാർഥനകളും വിഫലമാക്കി ആദിൽ ഹുസൈൻ യാത്രയായി. ബഹ്റൈനിലെ പ്രവാസിയായ എറണാകുളം സ്വദേശി ഹുസൈന്‍റെ പ്രതീക്ഷകൾക്ക് വിധി കനിവ് കാണിച്ചതുമില്ല. മകന്‍റെ വിയോഗം ആ മനുഷ്യനെ അലട്ടുന്ന പോലെ തന്നെ പവിഴ ദ്വീപിലെ അദ്ദേഹത്തെ അറിയുന്ന ഓരോ പ്രവാസിയെയും വിഷമിപ്പിക്കുന്നുണ്ട് . ജീവിച്ചു കൊതിതീരാത്ത ‍യുവത്വം മരണം കവരുന്ന ദയനീയതയും ബന്ധപ്പെട്ടവർക്ക് അതുണ്ടാക്കുന്ന മാനസിക പ്രത്യാഘാതവും വലുതാണ് . 21 വയസ്സായിരുന്നു ആദിൽ ജോലി ആവശ്യാർഥം കഴിഞ്ഞ ജനുവരിയിലാണ് ഡൽഹിയിലെത്തിയത്. അവിടെ നിന്നാണ് ആദിലിന് സ്ട്രോക്ക് വരുന്നത്. ബ്രൈൻ ടി.ബിയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് ഹരിയാനയിലെ അമൃത ഹോസ്പിറ്റലിൽ 20 ദിവസം ചികിത്സച്ചു. അതിനിടയിൽ തലയ്ക്ക് മേജർ സർജറിയും ചെയ്യേണ്ടി വന്നു. ആരോഗ്യത്തിൽ ഒരൽപ്പം പുരോഗതി കണ്ടപ്പോഴാണ് എറണാംകുളത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഇടക്ക് ഡിസ്ചാർജായി വീട്ടിൽ കൊണ്ടു പോയെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിയുകയായിരുന്ന ആദിൽ ബുധനാഴ്ച രാത്രി എട്ടോടെയാണ് ലോകത്തോട് വിടപറയുന്നത്.വർഷങ്ങളോളം പ്രവാസ ലോകത്ത് ഇഷ്ടങ്ങളും സന്തോഷങ്ങളും ത്യാഗം ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ മക്കളിലുണ്ടാകുന്ന പ്രതീക്ഷ‍ ഒരൽപ്പം കൂടുതലാവും. ആ ആഗ്രഹങ്ങളേ ഹുസൈനുമുണ്ടായിരുന്നുള്ളൂ. മകന്‍റെ ചികിത്സാർഥം ലക്ഷക്കണക്കിന് രൂപയാണ് ഹുസൈന് ബാധ്യതയായി വന്നത്. ഭാര്യയുടെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റും അധ്വാനിച്ച് നേടിയത് മുഴുവൻ ചിലവാക്കിയും കടം വാങ്ങിയും മകനെ തിരിച്ചുകൊണ്ടു വരാനുള്ള ശ്രമത്തിലായിരുന്നു ആ കുടുംബം. ബഹ്റൈനിലെ പ്രവാസി സുഹൃത്തുക്കളും സഹായം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഹുസൈൻ നാട്ടിലേക്ക് പോയത്. ഡോക്ടർമാരുടെ പ്രവചനങ്ങൾ പ്രതീക്ഷകളെ താളം തെറ്റിക്കുന്നതാണെന്ന തോന്നലിലെത്തിയപ്പോഴാണ് ഹുസൈൻ യാത്രക്കൊരുങ്ങിയത്. ബഹ്റൈൻ കെ.എം.സി.സി പ്രവർത്തകരായിരുന്നു ഹുസൈന് യാത്രാ ടിക്കറ്റ് നൽകിയത്. ഇത്രയും ദിവസം ഇവിടെ ജോലിയിൽ തന്നെ തുടരുകയായിരുന്നു അദ്ദേഹം. പണം കണ്ടെത്തുകയായിരുന്നു. ഇല്ലാതായ പ്രതീക്ഷകളുടെ ഭാരം ഒരു ഭാഗത്തും നേരിടാനുള്ള ബാധ്യതകൾ മറ്റൊരു ഭാഗത്തുമായി ഇന്ന് ഹുസൈൻ നിസ്സഹായാവസ്ഥയിലാണ്. പ്രവാസ സുമനസ്സുകളുടെ സഹായവും സഹകരണവും നമ്മളിലൊരാളായ ഹുസൈനെ പോലുള്ളവർക്കൊപ്പം എന്നും വേണം.

Leave A Comment