തിരുവനന്തപുരം സ്വദേശിയായ ഗോപാലൻ ചന്ദ്രൻ എന്ന ബഹ്‌റൈൻ പ്രവാസിയാണ് 42 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നത്. 1983 ആഗസ്റ്റ് പതിനാറാം തീയതി ഒരുപാട് പ്രതീക്ഷകളോടെ ബഹ്‌റൈനിൽ എത്തിയ ഗോപാലൻ ഒരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്തു വരുന്നതിനിടെ ആ സ്പോൺസർ മരിച്ചു പോവുകയും ഗോപാലന്റെ പാസ്പോർട്ടും മറ്റു രേഖകളും കാണാതാവുകയും ചെയ്തു . അതിനുശേഷം കുടുംബത്തിനും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 2020ൽ അദ്ദേഹം തടവിൽ ആവുകയും ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ഗോപാലന്റെ കുടുംബവുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിയമപരമായ പ്രശ്നങ്ങൾ നീക്കം ചെയ്യുകയും അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങുവാൻ വഴിയൊരുക്കുകയും ചെയ്തു. അങ്ങനെ 42 വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 22-2025ന് രാവിലെ എയർ അറേബ്യ വിമാനത്തിൽ ചന്ദ്രൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഈ ഉദ്യമത്തിൽ സഹകരിച്ച ഇന്ത്യൻ എംബസി അധികൃതർ എമിഗ്രേഷൻ അധികൃതർ, മിനിസ്റ്ററി ഓഫ് ഇന്റീരിയർ അധികൃതർ, എൽ എം ആർ എ എന്നിവരോടുള്ള നന്ദി പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്തും, ജനറൽ സെക്രട്ടറി ഡോ റിതിൻ രാജും അറിയിച്ചു.