മെച്ചപ്പെട്ട ഭാവിയും ഒരുമിച്ചുള്ള കുടുംബ ജീവിതവും മോഹിച്ചു പ്രവാസ സ്വപ്നങ്ങളുമായി സന്ദർശന വിസയിൽ എത്തി പ്രയാസത്തിൽ അകപ്പെട്ട കുടുംബത്തിന് നാട് അണയാൻ കൈകോർത്ത് പ്രവാസി വെൽഫെയറിൻ്റെ സേവന വിഭാഗമായ ടീം വെൽകെയർ. ബിരുദധാരിയായ വീട്ടമ്മയും കുഞ്ഞും നല്ലൊരു ജോലി ലഭിച്ചാൽ ഭാവി ജീവിതം സുരക്ഷിതമാക്കാം എന്ന പ്രതീക്ഷയിലാണ് ബഹ്റൈനിൽ സന്ദർശക വിസയിൽ വിമാനം ഇറങ്ങിയത്. പക്ഷേ വിസ നിയമങ്ങളുടെ കണിശത മൂലം പ്രതീക്ഷകൾ തെറ്റി. ബഹ്റൈനിലെ ജീവിതവും നാട്ടിലേക്കുള്ള തിരിച്ചു പോക്കും ചോദ്യചിഹ്നമായ സന്ദർഭത്തിൽ പ്രവാസി വെൽഫെയറിൻ്റെ സേവന വിഭാഗമായ ടീം വെൽകെയർ ഉദാരമദികളുടെ സഹായത്തോടെ നാട്ടിലേക്ക് പോകുന്നതിനുള്ള യാത്രാ ടിക്കറ്റ് നൽകിയപ്പോൾ പ്രവാസി മിത്ര ഗൾഫ് കിറ്റ് നല്കി.കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കുടംബത്തിൻ്റെ പ്രയാസ രഹിത മടക്കയാത്രയ്ക്ക് നേതൃത്വം നൽകിയ ഷിജിന ആഷിക്, ബഷീർ വൈക്കിലശ്ശേരി, ഹാഷിം തുടങ്ങിയ ടീം വെൽകെയർ അംഗങ്ങൾക്കും ഗൾഫ് കിറ്റ് നൽകിയ പ്രവാസി മിതക്കും മറ്റ് ഉദാരമദികൾക്കും പ്രവാസി വെൽഫെയറിന്റെയും ടീം വെൽകെയറിൻ്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നതായി വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു.