മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കെ പി സി സി പ്രസിഡന്റ്, എം പി, എം എൽ എ എന്നീ നിലകളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ത്യാഗപൂർണ്ണമായ ജീവിതം നയിച്ച നേതാവ് ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള എന്ന് ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് ഏറ്റവും വലിയ വിജയം സമ്മാനിച്ച നേതാവ് എന്ന് എക്കാലവും അദ്ദേഹം സ്മരിക്കപ്പെടും. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോളും തനിക്ക് ലഭിച്ച കുടുംബ സ്വത്തിന്റെ ഭാഗം വിറ്റ് പൊതുപ്രവർത്തനം നടത്തിയ നേതാവ് ആയിരുന്നു അദ്ദേഹം.തന്റെ സ്വത്തിൽ ബഹുഭൂരിഭാഗവും പ്രസ്ഥാനത്തിന് വേണ്ടി ചിലവഴിച്ച മഹാനായ നേതാവ് ആയിരുന്നു തെന്നലബാലകൃഷ്ണപിള്ള. താൻ വിശ്വസിച്ച പ്രസ്ഥാനത്തിൽ നിന്ന് തിക്തഫലം ഉണ്ടായപ്പോളും പ്രസ്ഥാനത്തിന് തന്റെ ഭാഗത്തു നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ, എല്ലാം ഉള്ളിൽ അടക്കി യഥാർത്ഥ കോൺഗ്രസ് പ്രവർത്തകനായി, അണികൾക്ക് ഉത്തമനേതാവായി പ്രവർത്തിച്ച മഹാനായ നേതാവ് ആയിരുന്നു തെന്നലബാലകൃഷ്ണപിള്ള. പുതിയ തലമുറയിൽ സ്ഥാനമാനങ്ങളോ, അധികാരമോ ലഭിക്കാതെ വരുമ്പോൾ പാർട്ടിയെ പുലഭ്യം പറഞ്ഞു, പ്രസ്ഥാനത്തിൽ നിന്ന് പുറത്ത് പോയി, അത് വരെ ലഭിച്ചത് എല്ലാം മറന്ന് കൊണ്ട് പ്രവർത്തിക്കുന്ന നേതാക്കൾക്ക് തെന്നല ബാലകൃഷ്ണപിള്ളയുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ പോയത് കൊണ്ടാണ്. രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വരുന്ന പുതിയ തലമുറക്ക് മാതൃക ആക്കാവുന്ന, പ്രവർത്തന മികവ് കൊണ്ടും, ലളിതമായ ജീവിതം കൊണ്ടും എല്ലാ ആളുകളുടെയും ആദരവും, സ്നേഹവും പിടിച്ചു പറ്റാൻ സാധിച്ച നേതാവ് ആയിരുന്നു എന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു.

