ബി.ജെ.പി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. 1994ൽ സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നിഗം, മുൻവിദേശകാര്യമന്ത്രി ഹർഷ വർധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും.
രാജ്യസഭാംഗമായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞു വിളിച്ചിരുന്നതായും സദാനന്ദൻ പറഞ്ഞു. ഒരു ജോലി ഏൽപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാർട്ടി നൽകിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങൾ പാർട്ടി സ്വീകരിക്കുകയാണെന്നും സി.സദാന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽനിന്ന് പി.ടി ഉഷ, സുരേഷ് ഗോപി എന്നിവർ രാജ്യസഭാംഗമായിരുന്നു.

