ന്യൂഡൽഹി: സിഗരറ്റ് പാക്കറ്റിൽ അനാരോഗ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇനി ജിലേബിയിലും സമൂസയിലും ഇങ്ങനെ ഒരു അറിയിപ്പ് പ്രതീക്ഷിക്കണം. എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബേഡാണ് കേന്ദ്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആകർഷകമായ പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
എയിംസ് ഉൾപ്പടെയുള്ള എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. ലഘുഭക്ഷണങ്ങളിൽ എത്രമാത്രം കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ടെന്നും ഈ ബോർഡിൽ എഴുതണം.
പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അപകടകരമായ പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ കുറിച്ച് ആളുകളിൽ ബോധ്യമുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം. ലഡു, വട, പക്കോട തുടങ്ങിയവയെയും ഇനി പരിശോധനയ്ക്ക് വിധേയമാക്കും. സിഗരറ്റ് പാക്കറ്റിലെ മുന്നറിയിപ്പുകൾ പോലെ ഗൗരവകരമാക്കുന്നതിന്റെ തുടക്കമാണിതെന്ന് കാർഡിയോളജിക്കൽ സോസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ചാപ്റ്റർ പ്രസിഡന്റ് അമർ അമാലെ പറഞ്ഞു.

