മുംബൈ: ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഭാര്യയുടെ ഈ പെരുമാറ്റം ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. യുവാവിന് വിവാഹമോചനം നൽകി ക്കൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. ഭർതൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭർത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാൽ വിവാഹബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹർജിയിൽ പറഞ്ഞിരുന്നു.
എന്നാൽ ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭർത്താവ് ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മറ്റുജീവനക്കാരുടെയും മുന്നിൽവെച്ച് അപമാനിക്കുന്നത് മാനസികവേദനയുണ്ടാക്കുന്നതായും യുവാവ് വാദിച്ചു. യുവാവിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി യുവതിയുടെ ഹർജി തള്ളുകയായിരുന്നു. 2013-ലാണ് ഇവർ വിവാഹിതരാകുന്നത്. എന്നാൽ 2014-മുതൽ ദമ്പതിമാർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. തുടർന്നാണ് യുവാവ് വിവാഹമോചനം തേടിയത്.

