ഹിമാചൽ പ്രദേശിലെ ഒരു യുവതി രണ്ടു സഹോദരങ്ങളെ ഒരേ സമയം വിവാഹം ചെയ്ത വാർത്ത വൈറലായി. സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് പ്രദീപ് നേഗി, കപിൽ നേഗി എന്നീ സഹോദരങ്ങളാണ് സുനിത ചൗഹാഴ എന്ന യുവതിയെ വിവാഹം കഴിച്ചത്. ഹട്ടി ഗോത്രത്തിൽ പെടുന്നവരാണ് ഇവരെല്ലാം. ഹട്ടി സംസ്കാരത്തിന്റെ ഭാഗമായാണ് രണ്ടുപേരും ഒരാളെ വിവാഹം കഴിച്ചത്.
ഹട്ടി ഗോത്രത്തിൽ 230 വർഷങ്ങളായി ഉണ്ടായിരുന്ന ഈ ആചാരം കുറേക്കാലമായി ആരും പിന്തുടരുന്നുണ്ടായിരുന്നില്ല. ഇതിനിടെയാണ് രണ്ടുപേരെ വിവാഹം കഴിക്കാൻ സുനിത ചൗഹാൻ തയ്യാറായത്. രണ്ടു കുടുംബങ്ങളുടെയും വധൂവരൻമാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്.
മൂത്ത സഹോദരനായ പ്രദീപ് ജലസേചന വകുപ്പിലാണ് ജോലി ചെയ്യുന്നത്, കപിൽ വിദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്യുന്നു. ഞങ്ങൾ ഞങ്ങളുടെ ചരിത്രത്തിലും സംസ്കാരത്തിലും അഭിമാനിക്കുന്നു എന്ന് പറയുന്നതിന് കൂടി വേണ്ടിയാണ് ഇങ്ങനെ ഒരു വിവാഹം പരസ്യമായി നടത്തിയത് എന്ന് സഹോദരങ്ങൾ പറഞ്ഞു. പൂർണമനസോടെ തന്നെ എടുത്ത തീരുമാനമാണ് ഇത് എന്ന് സുനിതയും വ്യക്തമാക്കി.
രണ്ട് സഹോദരങ്ങൾക്ക് ഒരു ഭാര്യ എന്ന ‘ബഹുഭർതൃത്വം’ വരുന്ന ആചാരം ഹട്ടി സമൂഹത്തിനിടയിൽ സജീവമായിരുന്നു. ജാദിദരൺ, ദ്രൗപദി പ്രത എന്നൊക്കെയാണ് ഇവർക്കിടയിൽ ഇത് അറിയപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ ഹട്ടി സമൂഹത്തിൽ ഒരു പരമ്പരാഗത ആചാരമാണിത്. ഇതിൽ ഒന്നിലധികം സഹോദരന്മാർ ഒറ്റ സ്ത്രീയെ തന്നെ വിവാഹം കഴിക്കുകയാണ്. സിർമൗർ ജില്ലയിലെ ട്രാൻസ്-ഗിരി പ്രദേശത്തും ഉത്തരാഖണ്ഡിന്റെ മറ്റ് ഭാഗങ്ങളിലും ഈ ആചാരം നിലനിൽക്കുന്നുണ്ട്.

