ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് ആത്മഹത്യകൾക്ക് പിന്നാലെ സ്കൂളിന് നേരെ വലിയ പ്രതിഷേധം ഉയരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഷെയ്ഖ് റിസ്വാനും കെ.ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന വിദ്യാർഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിസ്വാനും ഹൻസികയും അടുപ്പത്തിലായിരുന്നെന്നും ഇൻസ്റ്റാഗ്രാമിലൂടെ സംസാരിച്ചിരുന്നു എന്നാണ് വിവരം. സ്കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞ് വിദ്യാർഥി കളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചു മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദത്തിലാണ് റിസ്വാന്റെ ആത്മഹത്യ എന്നാണ് പൊലീസ് സംശയിക്കുന്നത്.
ജൂലൈ 19നാണ് മിയാപൂരിലെ മാധവ്നഗർ കോളനിയിലെ സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി 15 വയസ്സുകാരനായ ഷെയ്ഖ് റിസ്വാൻ ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെയാണ്, അഞ്ച് ദിവസങ്ങൾക്ക് ശേഷം, ജൂലൈ 24ന് ഹൻസിക എന്ന പെൺകുട്ടിയും ആത്മഹത്യ ചെയ്തത്. മിയാപൂരിലെ അപ്പാർട്ട്മെന്റിനു മുകളിൽ നിന്ന് ചാടിയാണ് ഹൻസിക മരിച്ചത്.

