ന്യൂഡൽഹി: ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കന്യാസ്ത്രീകളുടെ മോചനം. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. രണ്ടുആൾജാമ്യത്തിലും അമ്പതിനായിരം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്. പ്രായപൂർത്തിയായ പെൺകുട്ടികൾ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്.
ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയത്. മനുഷ്യക്കടത്ത് എൻഐഎ നിയമത്തിലെ ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവ പരിഗണിക്കാൻ എൻഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ്ഗഡ് സർക്കാർ വാദിച്ചത്. ഇത് അഡിഷനൽ സെഷൻസ് കോടതി അംഗീകരിച്ചിരുന്നു. ആദ്യം കേസ് പരിഗണിച്ച മജിസ്‌ട്രേട്ട് കോടതിയും ഇതേ കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഇതോടെയാണ് കന്യാസ്ത്രീകൾ എൻഐഎ കോടതിയെ സമീപിച്ചത്.

