മംഗളൂരു: ധർമസ്ഥല സംഭവവുമായി ബന്ധപ്പെട്ട് 2000 മുതൽ 2015 വരെ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്റ്റേഷനിൽനിന്ന് നീക്കംചെയ്തെന്നാണ് വെളിപ്പെടുത്തൽ. വിവരാവകാശപ്രവർത്തകനും ധർമസ്ഥലയിലെ ആക്ഷൻ കമ്മിറ്റി ഭാരവാഹിയുമായ ജയന്തിന് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിലാണ് പോലീസിൽനിന്ന് ഈ മറുപടി ലഭിച്ചത്.
1995 മുതൽ 2014 വരെയുള്ള കാലയളവിൽ ധർമസ്ഥലയിൽ നൂറോളംപേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിൽനിന്ന് 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നീക്കംചെയ്തെന്ന് പറയുന്നതും ഏറെ ദുരൂഹമാണ്.
ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായവരുടെ വിവരങ്ങളും ചിത്രങ്ങളും അസ്വാഭാവികമരണങ്ങളുടെ വിവരങ്ങളും അജ്ഞാതമൃതദേഹങ്ങളുടെ വിവരങ്ങളുമെല്ലാം തേടിയാണ് ജയന്ത് പോലീസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, നോട്ടീസുകൾ, ഇവരുടെ ചിത്രങ്ങൾ, ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം നീക്കംചെയ്തെന്നായിരുന്നു പോലീസിന്റെ മറുപടി. കാണാതായവരുടെ പരാതികളും ചിത്രങ്ങളും നശിപ്പിച്ചെന്നും പോലീസ് പറഞ്ഞിരുന്നു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഉത്തരവിനെത്തുടർന്നാണ് 15 വർഷത്തെ രേഖകൾ സ്റ്റേഷനിൽനിന്ന് നശിപ്പിച്ചതെന്നും മറുപടിയിലുണ്ടായിരുന്നു.

