ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യത്തിൽ കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ നേരത്തേതന്നെ പാർലമെന്റിൽ ഭരണഘടന വെച്ച് സത്യംചെയ്തതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതായും രാഹുൽ ഗാന്ധി ആരോപിച്ചു.
‘തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാൻ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അതിൽ പറയുന്നത്. ഞാൻ പാർലമെന്റിൽ ഭരണഘടനയോട് സത്യംചെയ്തുകഴിഞ്ഞതാണ്. രാജ്യത്തെ ജനങ്ങൾ ഞങ്ങളിറക്കിയ ഡേറ്റയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ അവരുടെ വെബ്സൈറ്റ് അടച്ചുപൂട്ടി. പൊതുജനങ്ങൾ ചോദ്യംചെയ്യാൻ തുടങ്ങിയാൽ, അവരുടെ മുഴുവൻ ഘടനയും താറുമാറാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനറിയാം’, രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ തന്റെ വിശകലനത്തിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ തിരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരമുള്ള സത്യാവാങ്മൂലത്തിൽ ഒപ്പുവെയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. വോട്ടർപ്പട്ടികയിൽ തെറ്റായി ചേർത്തതോ നീക്കം ചെയ്തതോ ആയ പേരുകൾ സമർപ്പിക്കുന്നതിനും അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചിരുന്നു. രാഹുൽ സത്യവാങ്മൂലത്തിൽ ഒപ്പുവെച്ചില്ലെങ്കിൽ, അതിനർത്ഥം അദ്ദേഹം തന്റെ വിശകലനത്തിലും അതിന്റെ ഫലമായുണ്ടാകുന്ന നിഗമനങ്ങളിലും ‘അസംബന്ധമായ ആരോപണങ്ങളിലും’ വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കിൽ, അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും കമ്മിഷൻ പറഞ്ഞിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വൻ ക്രമക്കേട് നടന്നതായി രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ പവർപോയിന്റ് പ്രസന്റേഷൻ നടത്തി വിശദീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടുപിടിച്ച് ബിജെപി ഗൂഢാലോചന നടത്തിയെന്ന് തെളിവുകൾ നിരത്ത രാഹുൽ ചൂണ്ടിക്കാട്ടി. തുടർന്നായിരുന്നു ഇലക്ഷൻ കമ്മിഷന്റെ നടപടി.

