ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാശംസ. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്കു മുകളിലായി സവാർക്കറുടെ ചിത്രം നൽകിയത്. . സവർക്കർ, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. അതിൽ ജവാഹർലാൽ നെഹ്റുവിന്റെ ചിത്രവും ഒഴിവാക്കി.
”നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമുക്ക് ഓർമിക്കാം – ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും നാം പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നത്” – എന്നാണ് ചിത്രം പങ്കുവച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ എഴുതിയിരിക്കുന്നത്. ഹർദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് വകുപ്പിന്റെ സഹമന്ത്രി.

