‘ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധം’; രാഹുലിന്റെ ‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി

  • Home-FINAL
  • India
  • ‘ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധം’; രാഹുലിന്റെ ‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി

‘ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധം’; രാഹുലിന്റെ ‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി


സസാറാം (ബിഹാർ): ‘വോട്ടുകവർച്ച’ ആരോപണമുന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന 1300 കിലോമീറ്റർ ‘വോട്ടർ അധികാർ’ യാത്രയ്ക്ക് ഞായറാഴ്ച ബിഹാറിലെ സസാറാമിൽ തുടക്കമായി. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ‘ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റൽ തെളിവുകളോ കമ്മിഷൻ നൽകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണ് ചെയ്യുന്നതെന്ന് വാർത്താസമ്മേളനങ്ങളിലൂടെ കോൺഗ്രസ് തുറന്നുകാട്ടി. ബിഹാറിൽ മാത്രമല്ല, അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.

ബിഹാറിലെ തിരഞ്ഞെടുപ്പിൽ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. വോട്ട് അധികാർയാത്രയ്ക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് ആരോപിച്ചാണ് രാഹുലിന്റെ യാത്ര.

രണ്ടാഴ്ചയോളം രാഹുൽ ബിഹാറിലുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊർജം പകരാൻ യാത്രയിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. ഞായറാഴ്ച ആർജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പംചേരും.

സഖ്യത്തിലെ സംസ്ഥാനത്തെ ഘടകകക്ഷികളുടെ നേതാക്കളും എത്തും. യാത്രയ്ക്കുമുന്നോടിയായി ആർജെഡി പ്രചാരണഗാന വീഡിയോ പുറത്തുവിട്ടു. രാഹുലുമായി തേജസ്വി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങളും ഉള്ളടക്കത്തിലുണ്ട്. സെപ്റ്റംബർ ഒന്നിന് പട്ന ഗാന്ധി മൈതാനിയിൽ ‘ഇന്ത്യസഖ്യ’ നേതാക്കൾ പങ്കെടുക്കുന്ന ബഹുജനറാലിയോടെ സമാപിക്കും.

Leave A Comment