ന്യൂഡൽഹി: അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്ത് 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ നൽകിയ പരാതിക്കു പിന്നാലെയാണ് മകൻ അറസ്റ്റിലായത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്.
ജൂലൈ 17ന് സ്ത്രീയും ഭർത്താവും ഇളയ മകളും സൗദി അറേബ്യയിലേക്ക് യാത്ര പോയപ്പോൾ പ്രതി പിതാവിനെ വിളിച്ച് ഉടൻ ഡൽഹിയിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. തുടർന്ന് അമ്മയെ വിവാഹമോചനം ചെയ്യണമെന്നും തന്റെ കുട്ടിക്കാലത്ത് അവർക്ക് ഒട്ടേറേ വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും ആരോപിച്ചു. ഓഗസ്റ്റ് 1ന് കുടുംബം ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം പ്രതി അമ്മയെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതിയിൽ പറയുന്നു. പിന്നാലെ സമീപമുള്ള മൂത്ത മകളുടെ വീട്ടിൽ അമ്മ അഭയം തേടി.
ഓഗസ്റ്റ് 11ന് അമ്മ വീട്ടിൽ തിരിച്ചെത്തി. രാത്രിയിൽ, അമ്മയോട് സ്വകാര്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം ഒരു മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നു എന്നു പറഞ്ഞായിരുന്നു പീഡനം. തുടർന്നുള്ള ദിവസവും അമ്മയെ പീഡിപ്പിച്ചു. സ്ത്രീ തന്റെ ഇളയ മകളോട് കാര്യങ്ങൾ തുറന്നു പറഞ്ഞതിനെ തുടർന്നാണ് ഇരുവരും ഹൗസ് ഖാസി പൊലീസ് സ്റ്റേഷനിൽ എത്തി രേഖാമൂലം പരാതി നൽകിയത്.

