റാഞ്ചി: തലയ്ക്ക് ഒരു കോടി വിലയിട്ടിരുന്ന മോദം ബാലകൃഷ്ണ (മനോജ്) ഉൾപ്പെടെ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഢിലെ ഗരായബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സേന പത്ത് മാവോയിസ്റ്റുകളെ വധിച്ചത്. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. മെയ്ൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വന പ്രദേശത്ത് നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, കോബ്ര, മറ്റ് പൊലീസ് സേനകൾ സംയുക്തമായാണ് മാവോയിസ്റ്റുകൾക്കെതിരെ ഏറ്റുമുട്ടുന്നത്.
അതിനിടെ നാരായൺപുർ ജില്ലയിൽ 16 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയിരുന്നു.
മൈൻപുർ പൊലീസ് സ്റ്റേഷനു കീഴിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയതെന്ന് റായ്പുർ റെയ്ഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു. സ്‌പെഷൽ ടാസ് ഫോഴ്‌സ്, കോബ്ര, സംസ്ഥാന പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് കന്ധമാൽ-കാലാഹണ്ടി-ബൗധ്‌നായാഗഡ് (കെകബിഎൻ) വിഭാഗത്തെ നയിച്ചിരുന്നയാളാണ് മൊദേം ബാലകൃഷ്ണ. തെലങ്കാനയിലെ വാറാങ്കൽ ജില്ലയിലാണ് ബാലകൃഷ്ണ ജനിച്ചത്. ബാലണ്ണ, രാമചന്ദർ, ഭാസ്‌കർ എന്നീ പേരുകളിലും അറിയപ്പെടുന്ന ബാലകൃഷ്ണ സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു. എൺപതുകളിലാണ് ബാലകൃഷ്ണ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുന്നത്.

