ഹൈദരാബാദ്: ഡിജിറ്റൽ അറസ്റ്റിന് ഇരയായ ഹൈദരാബാദിലെ റിട്ട. ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. 76 വയസുള്ള ഡോക്ടറെ 70 മണിക്കൂർ നേരം സൈബർ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചിരുന്നു. ഇതിനുശേഷം കൃത്യം ഒരു ദിവസത്തിനുള്ളിൽ അവർ മരിച്ചു.
സെപ്റ്റംബർ ആറിനാണ് ഡോക്ടർക്ക് ഒരു വാട്‌സ് ആപ് കോൾ ലഭിക്കുന്നതും പൊലീസിന്റെ ലോഗോ കാണിച്ചുകൊണ്ട് അവരുടെ ആധാർ ഉൾപ്പെടെയുള്ള വ്യാജരേഖകൾ ഉപയോഗിച്ച് മനുഷ്യക്കടത്ത് കേസിൽ പെടുത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിതും. തുടർന്ന് സുപ്രീംകോടതി, ഇ.ഡി, ആർ.ബി.ഐ എന്നിവയുടെ ലോഗോകളുള്ള വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഡോക്ടറുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന് 6.6 ലക്ഷം രൂപ മഹാരാഷ്ട്രയിലെ മറ്റൊരു ഷെൽ അക്കൗണ്ടിലേക്ക് മാറ്റാൻ നിർബന്ധിക്കുകയായിരുന്നു.
പണം നൽകിയതിനു ശേഷവും വിഡിയോ കോളുകളിലൂടെയും വ്യാജ കോടതി നോട്ടീസുകളിലൂടെയും മാനസിക പീഡനം തുടർന്നതാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.രണ്ടുദിവസമായി നിരന്തരം സമ്മർദം അനുഭവിച്ച അവർ കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്ടറുടെ മരണശേഷവും തട്ടിപ്പുകാർ ഭീഷണി സന്ദേശങ്ങൾ തുടർന്നു. കുടുംബം നൽകിയ പരാതിയിൽ സൈബർ ക്രൈം പൊലീസ് ഐ.ടി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകത്തിന് തുല്യമായ മനപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

