അഹമ്മദാബാദ്: പാനിപൂരി എണ്ണം കുറഞ്ഞതിന്റെ പേരിൽ ടക്കാരനും യുവതിയും തമ്മിലുണ്ടായ തർക്കത്തിൽ നഗരത്തിലുണ്ടായത് വൻഗതാഗതകുരുക്ക്. പാനിപൂരി കച്ചവടക്കാരൻ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതാണ് സംഭവത്തിന് കാരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്രാഫിക് പ്രശ്നങ്ങളുണ്ടായതോടെ പൊലീസ് സ്ഥലത്ത് എത്തുകയും യുവതിയെ അനുനയിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവർ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഗതാഗതം സുഗമമായത്.
വഡോദരയിലെ സുർസാഗർ ലേക്കിന് സമീപമായിരുന്നു പ്രശ്നങ്ങൾ നടന്നത്. 20 രൂപയ്ക്ക് കച്ചവടക്കാരൻ നാല് പാനിപൂരി മാത്രം നൽകിയതാണ് സ്ത്രീയെ ദേഷ്യം പിടിപ്പിച്ചത്. നാലിന് പകരം ആറ് പാനിപൂരി നൽകണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഇതിന് കച്ചവടക്കാരൻ വിസമ്മതിച്ചതോടെയാണ് രണ്ട് പാനിപൂരി കൂടി വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ നടുറോഡിൽ കുത്തിയിരുന്നത്. സ്ത്രീ റോഡിൽ കുത്തിയിരിക്കുന്നത് കണ്ടതോടെ പ്രദേശത്തുണ്ടായിരുന്ന ആളുകൾ ഇവിടെ തടിച്ച് കൂടുകയും ചെയ്തു.
പൊലീസ് എത്തിയതിന് പിന്നാലെ കരഞ്ഞുകൊണ്ടാണ് സ്ത്രീ തനിക്ക് നാല് പാനിപൂരി മാത്രമേ കിട്ടിയുള്ളൂവെന്നും രണ്ടെണ്ണം കൂടി വേണമെന്നും ആവശ്യപ്പെട്ടത്. തുടർന്ന് പൊലീസ് ഇവരെ അനുനയിപ്പിച്ച് റോഡിൽ നിന്ന് മാറ്റുകയായിരുന്നു. അതേസമയം, യുവതി ആവശ്യപ്പെട്ടത് പോലെ അവർക്ക് ആറ് പാനിപൂരി കിട്ടിയോ ഇല്ലയോ എന്ന് വ്യക്തമല്ല. നാട്ടുകാർ മൊബൈൽ ഫോണിൽ ചിത്രീകരിച്ച പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

