ഗാന്ധിനഗർ: അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനിക വിന്യാസം നടത്തുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും കനത്ത വിലനൽകേണ്ടി വരും. സർ ക്രീക്ക് മേഖലയിലെ ലക്കി നാല സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തിയത് ഓർമിപ്പിക്കുന്നു. കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ 2025ൽ പാകിസ്ഥാൻ ഓർക്കണം. സ്വാതന്ത്ര്യത്തിന് 78 വർഷത്തിനപ്പുറവും പാകിസ്ഥാൻ സർ ക്രീക്കുമായി ബന്ധപ്പെട്ട തർക്കം ഉയർത്തുകയാണ്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ പലതവണ ശ്രമിച്ചു. എന്നാൽ, പാകിസ്ഥാന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. ഇപ്പോൾ സർ ക്രീക്കിന് സമീപം പാക് സൈന്യം നടത്തുന്ന പ്രവൃത്തികളിലൂടെ അവരുടെ ഉദ്ദേശ്യം വെളിപ്പെടുകയാണ്.ഇന്ത്യൻ സൈന്യവും ബിഎസ്എഫും ചേർന്ന് അതിർത്തി മേഖലകൾ ജാഗ്രതയോടെ സംരക്ഷിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തിലുള്ള മറുപടി നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

