ദിസ്പുർ: ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ മാനേജർ സിദ്ധാർത്ഥ് ശർമയ്ക്കും നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ ഓർഗനൈസർ ശ്യാംകനു മഹന്തയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി അസം പൊലീസ്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഇവരെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
‘ബിഎൻഎസിലെ 103ാം വകുപ്പ് എഫ്ഐആറിൽ ചേർത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കില്ലെന്നും പ്രത്യേക അന്വേഷണ സംഘം തലവൻ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്ത പറഞ്ഞു. അതേസമയം പ്രസാദ് ഗുപ്തയുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല.
സിംഗപ്പൂരിൽ നീന്തുന്നതിനിടയിലാണ് സുബീൻ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത്. നേരത്തെ സ്‌കൂബ ഡൈവിങ്ങിനിടയിലാണ് മരണമെന്നായിരുന്നു റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ ഫലങ്ങൾ പുറത്ത് വന്നപ്പോഴാണ് മരണകാരണം വ്യക്തമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിംഗപ്പൂരിൽ ആദ്യ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമിൽ എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്മോർട്ടം കൂടി നടത്തി.

