ന്യൂഡൽഹി: 2012-ലെ ഐപിഎൽ ടൂർണമെന്റിനിടെ പരിക്കേറ്റ എസ്. ശ്രീശാന്ത് മത്സരത്തിൽ കളിക്കാത്തതിനാൽ രാജസ്ഥാൻ റോയൽസിന് 82 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവാണ് യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ പരിഗണിച്ച് സ്റ്റേ ചെയ്തത്. ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചില്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിക്കിനെ തുടർന്ന് 2012 ഐപിഎൽ സീസണിൽ ശ്രീശാന്ത് രാജസ്ഥാനായി കളിച്ചിരുന്നില്ല. സീസണിൽ ശ്രീശാന്ത് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ രാജസ്ഥാൻ ഇൻഷുറൻസ് തുകയ്ക്കായി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചിരുന്നു. 82 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടത്. എന്നാൽ രാജസ്ഥാന്റെ ആവശ്യം കമ്പനി തള്ളി. ശ്രീശാന്തിന് നേരത്തേ തന്നെ കാൽപാദത്തിന് പരിക്കുണ്ടായിരുന്നുവെന്നും അതാണ് പുറത്തായതിന്റെ യഥാർഥ കാരണമെന്നും കമ്പനി വാദിച്ചു. മാത്രമല്ല ഈ വിവരം താരം മറച്ചുവെച്ചെന്നും കമ്പനി ആരോപിച്ചിരുന്നു.
എന്നാൽ കാൽപാദത്തിനേറ്റ പരിക്കല്ല, ഇൻഷുറൻസ് കലയളവിൽ കാൽമുട്ടിന് പരിക്കേറ്റതാണ് കളിക്കാനാവാത്തതിന്റെ കാരണമെന്നും രാജസ്ഥാൻ മറുവാദമുയർത്തി. വാദങ്ങൾക്കൊടുവിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ രാജസ്ഥാന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഇൻഷുറൻസ് കമ്പനിയോട് പണം കൈമാറാനും നിർദേശിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് കമ്പനി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചില്ലല്ലോ എന്ന് ചോദിച്ച കോടതി അന്തിമവിധി പുറപ്പെടുവിക്കും വരെ ഉത്തരവ് നടപ്പാക്കരുതെന്നും നിർദേശിച്ചു.

