മുംബയ്: ഇന്ത്യൻ വനിതാടീമിന് മുന്നിൽ ആശംസകൾക്കൊപ്പം സമ്മാനങ്ങളുടെ പെരുമഴയും. ലോകകപ്പ് ജേതാക്കളെന്ന നിലയിൽ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 40 കോടി രൂപയുടെ സമ്മാനത്തിന് പുറമേ ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐ 51 കോടി രൂപയും നൽകും. സൂററ്റിൽ നിന്നുള്ളൊരു വജ്രവ്യാപാരിയുടെ സമ്മാനപ്രഖ്യാപനമാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. ശ്രീ രാമകൃഷ്ണ എക്സ്പോർട്സ് (എസ്ആർകെ) എന്ന വജ്രാഭരണ കമ്പനിയുടെ മേധാവിയും രാജ്യസഭാ എംപിയുമായ ഗോവിന്ദ് ധോലാക്കിയ വനിതാതാരങ്ങളുടെ അഭിരുചിക്കിണങ്ങിയ വജ്രഭാരണമാണ് സമ്മാനമായി നൽകുന്നത്.
ഞായറാഴ്ച നടന്ന ഫൈനലിലാണ് ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ച് ഇന്ത്യൻ ടീം കന്നിക്കിരീടം സ്വന്തമാക്കിയത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ശതകോടി ഇന്ത്യക്കാരുടെ ഹൃദയംകവർന്നുവെന്നും അവരുടെ പോരാട്ടവീര്യവും ആത്മവിശ്വാസവും അച്ചടക്കവും മാതൃകാപരമാണെന്നും വരുന്ന തലമുറയ്ക്ക് പ്രോത്സാഹനമാകുമെന്നും വ്യക്തമാക്കിയാണ് വജ്രവ്യാപാരിയുടെ സമ്മാന പ്രഖ്യാപനം. ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗ്സ് തുടങ്ങി ഓരോ താരത്തിന്റെയും അഭിരുചിക്കിണങ്ങിയ വജ്രാഭരണങ്ങൾ തയാറാക്കും. ഇതിൽനിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അവർക്ക് തിരഞ്ഞെടുക്കാം

