പട്ന: ബിഹാറിലെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ സംസ്ഥാനത്തെങ്ങും എൻഡിഎ മുന്നേറ്റം. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന തരംഗമാണ് ബിഹാറിൽ എൻഡിഎയ്ക്കെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം ലീഡ് നിലയിൽ എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എൻഡിഎയ്ക്ക് ജനം സമ്മാനിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് 36 സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡുള്ളത്. ഇതിൽ കോൺഗ്രസിന്റെ സ്ഥാനം നാലിലൊതുങ്ങിയെന്നതും സഖ്യത്തെ നയിക്കുന്ന ആർജെഡി തകർന്നടിയുന്നതുമാണ് വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുമ്പോൾ കാണുന്നത്.
തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചർച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുൻനിർത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ മോഹങ്ങളാണ് തകർന്നടിഞ്ഞത്.

