പട്ന: രാഷ്ട്രീയം വിടുന്നെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്നുമുള്ള സാമൂഹികമാധ്യമക്കുറിപ്പിന് പിന്നാലെ പ്രതികരണവുമായി ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ.
ആർജെഡി നേതൃത്വത്തിലെ പ്രധാന നേതാക്കളാണ് തന്നെ പുറത്താക്കിയതെന്ന് അവർ ആരോപിച്ചു. എനിക്ക് കുടുംബമില്ല. നിങ്ങൾ ചെന്ന് തേജസ്വി യാദവിനോടും സഞ്ജയ് യാദവിനോടും റമീസിനോടും ചോദിക്കൂ. അവരാണ് എന്നെ കുടുംബത്തിൽനിന്ന് പുറന്തള്ളിയത്, പട്നയിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ രോഹിണി പറഞ്ഞു.
അവർ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി (ആർജെഡി) എന്തുകൊണ്ട് ഇങ്ങനെ പരാജയപ്പെട്ടുവെന്ന് രാജ്യമാകെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജയ് യാദവിന്റെയും റമീസിന്റെയും പേര് പറയുമ്പോൾ, നിങ്ങളെ വീട്ടിൽനിന്ന് പുറത്താക്കുകയും അപമാനിക്കുകയും ചീത്തപറയുകയും ചെയ്യുകയാണ്, രോഹിണി കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ്, ‘ഞാൻ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുകയാണ്, എന്ന കുറിപ്പ് രോഹിണി സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ചത്.

