തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനി സദ്യ കഴിക്കാം. അന്നദാന മെനുവിൽ മാറ്റം വരുത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഇതുവരെ ശബരിമലയിൽ അന്നദാനത്തിന് പുലാവും സാമ്പാറുമായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ പ്രസിഡൻ്റ് ഇക്കാര്യം പറഞ്ഞത്.
ശബരിമലയിലെ അന്നദാനത്തിൽ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവിൽ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം ബോർഡിന്റെ പണമല്ല. അയ്യപ്പൻമാർക്ക് നല്ല ഭക്ഷണം നൽകാൻ ഭക്തജനങ്ങൾ നൽകുന്ന പണമാണ്. ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പൻമാർക്ക് നൽകും. ഇന്ന് തീരുമാനം എടുത്തു. നാളെ അല്ലെങ്കിൽ മറ്റന്നാൾ അത് നടപ്പിൽ വരുമെന്നും ജയകുമാർ പറഞ്ഞു. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ശബരിമല തീർത്ഥാടനം മെച്ചപ്പെടുത്താൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ്. ഡിസംബർ 18-ാം തീയതി അത് സംബന്ധിച്ച ഒരു യോഗം ചേരുന്നുണ്ട്.

