ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഒന്നിലധികം ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രി നൗഷേര സെക്ടറിൽ ഇന്ത്യൻ സൈന്യം ഒരു ഡ്രോണിന് നേരെ വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് നിരവധി ഡ്രോണുകൾ കൂടി കണ്ടെത്തിയതായി അവർ കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റ ശ്രമത്തിന്റേതെന്ന് കരുതുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഡ്രോണുകൾ വഴി തോക്കുകളോ മയക്കുമരുന്നുകളോ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ഇന്നലെ പാക് അധിനിവേശ കശ്മീരിന്റെ (പിഒകെ) ദിശയിൽ നിന്ന് വന്ന ഒരു ഡ്രോൺ സാംബ സെക്ടറിൽ ആയുധങ്ങൾ വർഷിച്ചതായും റിപ്പോർട്ടുണ്ട്.
രജൗരി ജില്ലയിൽ വൈകുന്നേരം 6.35ന് മറ്റൊരു ഡ്രോൺ കൂടി കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നു. സാംബയിലെ രാംഗഡ് സെക്ടറിലെ ചക് ബാബ്രലിൽ 7.15 ഓടെയാണ് ഡ്രോൺ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള മാൻകോട്ട് സെക്ടറിലെ ടോപ്പയിലേക്ക് വൈകുന്നേരം 6.25 നാണ് ഡ്രോണിന് സമാനമായ വസ്തു കണ്ടത്.
മെഷീൻ ഗണ്ണുകളുപയോഗിച്ചാണ് ഡ്രോണുകളെ ആക്രമിച്ചതെന്ന് സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നിരവധി പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. അതിനുശേഷം ഇന്ത്യൻ പരിധിയിലേക്ക് ഡ്രോണുകളെത്തുന്നത് ഗണ്യമായി കുറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം അഞ്ച് ഡ്രോണുകളുടെ കടന്നുകയറ്റമാണ് റിപ്പോർട്ട് ചെയ്തത്.

