‘ജെൻസിക്ക് വിശ്വാസം ബിജെപിയെ, തിരുവനന്തപുരം പിടിച്ചതു കണ്ടില്ലേ?’; കേരള വിജയം ബംഗാളിൽ ഫോർമുലയാക്കി മോദി

  • Home-FINAL
  • India
  • ‘ജെൻസിക്ക് വിശ്വാസം ബിജെപിയെ, തിരുവനന്തപുരം പിടിച്ചതു കണ്ടില്ലേ?’; കേരള വിജയം ബംഗാളിൽ ഫോർമുലയാക്കി മോദി

‘ജെൻസിക്ക് വിശ്വാസം ബിജെപിയെ, തിരുവനന്തപുരം പിടിച്ചതു കണ്ടില്ലേ?’; കേരള വിജയം ബംഗാളിൽ ഫോർമുലയാക്കി മോദി


കൊൽക്കത്ത: ജെൻസി തലമുറ ബിജെപിയുടെ വികസന മാതൃകയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച്– ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിക്കുന്ന ബംഗാളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും 3,250 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

രാജ്യത്തുടനീളം ബിജെപിക്കു ലഭിക്കുന്ന സ്വീകാര്യതയെ സൂചിപ്പിക്കാനായി മുംബൈ കോർപറേഷൻ, തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പുകളിലെ നേട്ടങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘‘മഹാരാഷ്ട്രയിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടി. പ്രത്യേകിച്ച്, തലസ്ഥാനമായ മുംബൈയിൽ. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപിക്ക് ആദ്യത്തെ മേയറെ ലഭിച്ചു’’– പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിക്ക് വിജയം അസാധ്യമെന്ന് കരുതിയിരുന്ന ഇടങ്ങളിൽ ഇപ്പോൾ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറ‌ഞ്ഞു. രാജ്യത്തെ വോട്ടർമാർക്കും യുവതലമുറയ്ക്കും ബിജെപിയിലുള്ള വിശ്വാസം എത്രത്തോളമുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിൽ ഭരണ മാറ്റത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാർട്ടിയായി മാറിയ ബിജെപി ഇത്തവണ ബംഗാളിൽ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്.

Leave A Comment