ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി യുടെ ഉത്തരവിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ കോടതി. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മേനക ഗാന്ധി എന്തു ചെയ്തെന്നു ചോദിച്ച കോടതി, കോടതി അലക്ഷ്യമാണ് മേനകയുടേതെന്നും കേസെടുക്കാത്തത് കോടതിയുടെ മാന്യതയാണെന്നും പറഞ്ഞു. മേനക ഗാന്ധി മുൻ കേന്ദ്രമന്ത്രിയാണെന്നും തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മേനക ഗാന്ധി എന്തു ചെയ്തെന്നും പ്രശ്നം പരിഹരിക്കാൻ എത്ര ബജറ്റ് വിഹിതമാണ് ലഭ്യമാക്കിയതെന്നും കോടതി ചോദിച്ചു. കേസിൽ വാദം തുടരുകയാണ്.
നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന്, ഈ മാസം ആദ്യം സുപ്രീം കോടതി ഡൽഹി-എൻസിആർ മേഖലയിലെ തെരുവുനായ പ്രശ്നം അവലോകനം ചെയ്തിരുന്നു. സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജന സുരക്ഷയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നു കോടതി പറഞ്ഞിരുന്നു.

