തിരുവനന്തപുരത്ത് കാർ യുവാക്കളെ ഇടിച്ച് തെറിപ്പിച്ച സംഭവം:കാർ ഓടിച്ച നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റിൽ

  • Home-FINAL
  • crime
  • തിരുവനന്തപുരത്ത് കാർ യുവാക്കളെ ഇടിച്ച് തെറിപ്പിച്ച സംഭവം:കാർ ഓടിച്ച നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരത്ത് കാർ യുവാക്കളെ ഇടിച്ച് തെറിപ്പിച്ച സംഭവം:കാർ ഓടിച്ച നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റിൽ


തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ച കേസിൽ നടൻ മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.കാറോടിച്ചത് നടൻ മണിയൻപിള്ള രാജു തന്നെയെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനത്തിന്റെ ആർ സി ഓണറുടെ പേര് പരിശോധിച്ചപ്പോൾ സുധീര്‍കുമാര്‍ എന്നാണ് കണ്ടത്. മണിയന്‍പിളള രാജുവിന്റെ യഥാര്‍ത്ഥ പേരാണ് സുധീര്‍ കുമാര്‍.. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പ്രതികരണവുമായി മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജ് രംഗത്തെത്തിയിരുന്നു. മണിയന്‍പിളള രാജു ഇന്നലെ ദിവസം ട്രിവാന്‍ഡ്രം ക്ലബിലേക്ക് ഡ്രൈവര്‍ക്കൊപ്പം പോയിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ക്ലബിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അച്ഛന്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് നിരഞ്ജ് പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ മണിയൻപിള്ള രാജു തന്നെയാണ് കാർ ഓടിച്ചതെന്ന് വ്യക്തമായി. പേടിച്ചു പോയതുകൊണ്ടാണ് കാർ നിർത്താതെ പോയതെന്നാണ് രാജുവിൻ്റെ പ്രതികരണം. അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തിൽ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്ഐആറും രജിസ്റ്റർ ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു.
രാത്രി രണ്ടുതവണ പൊലീസ് മണിയന്‍പിളള രാജുവിന്റെ വീട്ടിലെത്തിയിരുന്നു.
അമിത വേഗത്തിൽ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിനുളളിലായി. ബൈക്കുമായി കാര്‍ അമിതവേഗത്തില്‍ നീങ്ങിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശ്രീകണ്‌ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തില്‍പ്പെട്ട ബൈക്ക് ഫയര്‍ഫോഴ്‌സ് എത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.

Leave A Comment