കൊച്ചി: ‘ദ് കേരള സ്റ്റോറി 2’ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണു ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരി ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്ന് സെൻസർ ബോർഡിനും ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈന്‍ പിക്ചേഴ്സിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു. ചിത്രത്തിലെ ചില രംഗങ്ങൾ ചോദ്യം ചെയ്ത് ബന്ധപ്പെട്ട കക്ഷികളെ സമീപിച്ചെങ്കിലും ഈ മാസം 27ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ച സാഹചര്യത്തിലാണു കോടതിയെ സമീപിക്കുന്നതെന്നു ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. തെറ്റായ വിവരങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരുന്നതെന്നു നിർമാതാക്കൾ തന്നെ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നെന്ന് ഹർജിയിൽ പരാമർശിക്കുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ പുറത്തു വന്ന ട്രെയ്‍ലറിൽ തെറ്റായ രീതിയിലാണ് കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള 3 സ്ത്രീകളുടെ കാര്യം പറയുന്നുണ്ടെങ്കിലും ‘ദ് കേരള സ്റ്റോറി’ എന്നാണ് ടൈറ്റിൽ. എന്നു മാത്രമല്ല, വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാവാനും സമാധാനാന്തരീക്ഷം തകരാനും ചിത്രം കാരണമായേക്കാം. ചിത്രത്തിലെ പ്രശ്നങ്ങൾ തിരുത്താൻ പറയേണ്ടിയിരുന്ന സെൻസർ ബോർഡ് തന്നെ അതിന് അനുമതി നൽകുകയാണ് ചെയ്തത്. അടുത്തിടെ ഇറങ്ങിയ സിനിമയിൽ ബലാത്സംഗത്തിനു ഇരയായ പെൺകുട്ടിക്ക് ജാനകി എന്ന് പേരിട്ടത് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞ് പേരു മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ സെൻസർ ബോർഡാണ് വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ സംസ്ഥാനത്തിനു മേൽ ആരോപിച്ചിട്ടും അത് കാണാത്തതെന്ന് ഹർജിയിൽ പറയുന്നു. വിവിധ കാരണങ്ങൾ പറഞ്ഞ് സെൻസർ ബോർഡ് ഇടപെട്ട് വിവിധ ചിത്രങ്ങളുടെ പേരുകളും ഉള്ളടക്കങ്ങളും മാറ്റാൻ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങളും ഹർജിയിൽ പറയുന്നു.

