ഹൈദരാബാദ്: ഹൈദരാബാദ് അൽവാളിൽ പൂച്ചയെ വളർത്തുന്നതിനെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ നിരന്തരമായ തർക്കത്തിനൊടുവിൽ 23 വയസ്സുകാരിയായ യുവഡോക്ടർ ജീവനൊടുക്കി. ടി. പ്രിൻസിയാണ്ആത്മഹത്യ ചെയ്തത്. അടുത്തിടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ പ്രിൻസി, പിജി പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. കുറച്ച് ആഴ്ചകൾക്ക് മുൻപാണ് പ്രിൻസി ഒരു പൂച്ചയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ പൂച്ചയെ വീട്ടിൽ കൊണ്ടുവന്നതിന് ശേഷം പ്രിൻസിക്ക് നിരന്തരമായി ജലദോഷവും ചുമയും അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീട്ടുകാർ പൂച്ചയെ വളർത്തുന്നതിനെ എതിർത്തു. ഇതേച്ചൊല്ലി പ്രിൻസിയും അമ്മയും മുത്തശ്ശിയും തമ്മിൽ വീട്ടിൽ നിരന്തരമായി വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം അമ്മയും മുത്തശ്ശിയും പുറത്തുപോയി തിരികെ വന്നപ്പോഴാണ് പ്രിൻസിയെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പരിഭ്രാന്തരായ വീട്ടുകാർ അയൽവാസികളെ വിവരമറിയിക്കുകയും അവർ പോലീസിൽ വിവരം നൽകുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
പ്രിൻസിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വീട്ടിലെ അഭിപ്രായവ്യത്യാസങ്ങളാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ടെങ്കിലും പോലീസ് മറ്റ് സാധ്യതകളും പരിശോധിച്ചുവരികയാണ്.

