വാഷിങ്ടൺ: കോഹിനൂർ വജ്രം ഇന്ത്യയ്ക്കു തിരികെ നൽകണമെന്ന് ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. നിലവിൽ ന്യൂയോർക്ക് സന്ദർശനത്തിലാണ് ചാൾസ് രാജാവ്. നിലവിൽ ലണ്ടൻ ടവറിൽ സൂക്ഷിച്ചിരിക്കുന്ന കോഹിനൂർ വജ്രത്തില്‍ ദീർഘകാലമായി പലരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കടത്തിക്കൊണ്ടുപോയ വജ്രം തിരികെ വേണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഈ വജ്രത്തിന്മേൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം മേയറുടെ ഈ പരാമർശത്തോട് പ്രതികരിക്കാൻ രാജകുടുംബത്തിന്റെ വക്താവ് വിസമ്മതിച്ചു.
നാലു ദിവസത്തെ യുഎസ് സന്ദർശനത്തിലാണിപ്പോൾ ചാൾസ് രാജാവും ഭാര്യ കമീലയും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, കോൺഗ്രസിനെ അഭിസംബോധന ചെയ്യൽ, വൈറ്റ് ഹൗസ് വിരുന്ന് എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ഇരുവരും പങ്കെടുക്കും. ന്യൂയോർക്ക് നഗരത്തിലെ 9/11 സ്മാരകത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിലും പങ്കെടുക്കും.

