ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർദ്ധിച്ചു. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 108.74 രൂപയായും ഡീസലിന് 95.13 രൂപയായും ഉയർന്നു.
മുംബൈയിൽ പെട്രോൾ വില 3.14 രൂപ വർദ്ധനയോടെ 106.68 രൂപയിലെത്തി. ഡീസൽ 3.11 രൂപ വർദ്ധനയ്ക്ക് ശേഷം 93.14 രൂപയായി. ചെന്നൈയിലും കുത്തനെ വർദ്ധനവ് രേഖപ്പെടുത്തി. പെട്രോൾ വില 2.83 രൂപ വർദ്ധനയോടെ 103.67 രൂപയായും ഡീസൽ വില 2.86 രൂപ വർദ്ധനയോടെ 95.25 രൂപയായും ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് വില 99.26 രൂപയായും ഉയർന്നു.
പൊതുമേഖല എണ്ണക്കമ്പനികളുടെ നഷ്ടം കുതിച്ചുയരുന്നതിനാൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിലവർദ്ധന അനിവാര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുദ്ധം അനന്തമായി നീളുന്നതിനാൽ ഇന്ധന വില വർദ്ധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

