കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി എം.കെ. റാമിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പിടികൂടിയ ആദ്യദിവസം തന്നെ റാമിന് ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു. ‘‘പ്രതിയുടെ കൂടെ നടന്ന് ഫുഡ് അടിച്ച്, അയാൾ കീഴടങ്ങാൻ വരുമ്പോൾ അറസ്റ്റ് നാടകം നടത്തി, നടപടിക്രമങ്ങൾ പാലിക്കാതെ പുറത്തിറങ്ങാൻ പഴുതിടുകയാണു ചെയ്തത്. കഴിഞ്ഞ 15 വർഷത്തെ ഭരണത്തിനിടയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ? പൊലീസിന്റെ ഭരണസംവിധാനം പൂർണമായും കുത്തഴിഞ്ഞു കിടക്കുകയാണ്’’ – അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഡോ. എം.കെ.റാമിെന അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച സംഭവത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.
പ്രതിയെ പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും ഇങ്ങനെയൊരു പോലീസ് എന്തിനാണെന്നും കോടതി ചോദിച്ചു. പ്രതിക്ക് രക്ഷപ്പെടാൻ ഡിവൈഎസ്പി പഴുതൊരുക്കുകയായിരുന്നു. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? നടപടിക്രമം പാലിച്ചില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തത് പ്രതിയെ രക്ഷിക്കാനാണെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി.
