തിരുവനന്തപുരം: മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകനും തിരക്കഥാകൃത്തുമായ ആർ. ശരത് (67)അന്തരിച്ചു. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ സിനിമാരംഗത്തെത്തിയ ശരത്, വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതികളും കൊണ്ട് ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ സംവിധായകനായിരുന്നു.
കൊല്ലം വിളക്കുടിയിൽ ജനിച്ച ശരത് ഡോക്യുമെന്ററി സംവിധായകനായാണ് ചലച്ചിത്രരംഗത്ത് സജീവമായത്. രാജാ രവിവർമയുടെ അപൂർവ ചുവർചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണവും കണ്ടെത്തലുകളും അദ്ദേഹത്തിന്റെ ഡോക്യുമെന്ററി പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ വഴിത്തിരിവായി. ചുവർചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996ൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും ലഭിച്ചു.
2000ൽ പുറത്തിറങ്ങിയ ‘സായാഹ്നം’ ആയിരുന്നു ആദ്യ ഫീച്ചർ ചിത്രം. പരിസ്ഥിതി, ആണവവിരുദ്ധ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കിയ ചിത്രം ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചു.
തുടർന്ന് ‘സ്ഥിതി’, ‘ശീലാബതി’, ‘പറുദീസ’ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ സാമൂഹിക-മാനുഷിക വിഷയങ്ങൾ അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചു. ‘സ്ഥിതി’യിൽ ഗായകൻ ഉണ്ണിമേനോൻ പ്രധാന വേഷത്തിലെത്തിയതും ശ്രദ്ധേയമായി.
ഹിന്ദിയിലും ശരത് സിനിമകൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ-ചൈന സഹനിർമാണമായ ‘ദി ഡിസയർ: എ ജേണി ഓഫ് എ വുമൺ’ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു.
വിശ്വാസവും യുക്തിയും തമ്മിലുള്ള സംഘർഷം പ്രമേയമാക്കിയ ‘പറുദീസ’ മികച്ച നിരൂപകശ്രദ്ധ നേടിയതിനൊപ്പം വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
