കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിൽ വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്ന ഥാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. അപകടസമയത്ത് അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇതിനുപുറമെ, ഭിന്നശേഷിക്കാരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തിൽ നടക്കാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുത്തത്.
അപകടത്തെക്കുറിച്ചും മദ്യപിച്ചാണോ വാഹനമോടിച്ചതെന്നതടക്കമുള്ള കാര്യങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
