കളമശേരി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന പേരിൽ യുവതിയെ ലോഡ്ജിൽ വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. സ്പായിലെ ജോലിക്കായുള്ള അഭിമുഖമാണെന്ന് പറഞ്ഞാണ് യുവതിയെ പ്രതികൾ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവിടെവച്ച് ലഹരിപദാർഥം നൽകി മയക്കിയശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്പായുടെ മറവിൽ സംഘം?
സ്പായുടെ മറവിൽ സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
