തിരുവനന്തപുരം: കേരള പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ ശിപാർശ നൽകി. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പിഎസ്സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ ഗവർണർ ശുപാർശ നൽകുന്നത്.
പി.എസ്.സി നടത്തിയ പരീക്ഷകളും ചില നിയമനങ്ങളും സംശയത്തിലാകുകയും അന്വേഷണത്തിൽ ആസൂത്രണ ബോർഡിലേക്ക് നടത്തിയ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് പരാതികൾ വ്യാപകമാകുകയും പല പരീക്ഷകളും സംശയത്തിലായി. സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അവർക്ക് മുമ്പാകെ ഹാജരാകാൻ പി.എസ്.സി ചെയർമാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. കോടതിയിൽ നിന്ന് പോലും പി.എസ്.സിക്കെതിരെ രൂക്ഷ വിമർശനം നേരിട്ടു. ഏറ്റവും ഒടുവിൽ അന്വേഷണം മുന്നോട്ട് പോകാത്തതിൽ ‘ഭായ് ഭായ് കളിക്കുകയാണോ’ എന്ന തരത്തിൽ ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഗവർണർ ശുപാർശ നൽകിയ വിവരവും പുറത്തുവരുന്നത്.
ഭരണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ, ഗവർണർക്ക് നേരിട്ട് പി.എസ്.സി.യെ പിരിച്ചുവിടാനാവില്ല. എന്നാൽ ഗവർണറുടെ റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതിക്ക് അന്വേഷണത്തിനായി സുപ്രീംകോടതിക്ക് റഫർ ചെയ്യാം. സുപ്രീംകോടതി അന്വേഷണം വന്നാൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും ഗവർണർക്ക് സസ്പെൻഡ് ചെയ്യാം. അന്വേഷണത്തിൽ സുപ്രീംകോടതിയിൽനിന്ന് പി.എസ്.സി.ക്കെതിരായ പരാമർശമുണ്ടായാൽ രാഷ്ട്രപതിക്ക് പിരിച്ചുവിടാമെന്നാണ് ഭരണഘടന പറയുന്നത്
.
