കൊച്ചി: ജഡ്ജിയുടെ മകനായ 17കാരനായ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ (55) കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. നീതിലഭിക്കും വരെ നിരാഹാര സമരം നടത്തുമെന്ന് ജയബാലകൃഷ്ണൻ്റെ മകൾ ഭദ്ര കീർത്തി പറഞ്ഞു. പിതാവിന്റെ മൃതദേഹം ലഭിക്കുംമുൻപ് തന്നെ കുറ്റക്കാരനായ 17കാരന് ജാമ്യം ലഭിച്ചതിനെ ഭദ്ര കീർത്തി ചോദ്യം ചെയ്തു. നീതിക്കായി മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് കണ്ട് പരാതി നൽകുമെന്ന് അവർ അറിയിച്ചു.കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണം.
കൊച്ചി കണ്ടെയ്നർ റോഡിൽ ചേരാനല്ലൂർ മാരാപ്പറമ്പ് ഭാഗത്ത് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രികനായ സൗത്ത് ചിറ്റൂർ നെല്ലുവേലിൽ പുത്തൻപറമ്പ് വീട്ടിൽ ജയബാലകൃഷ്ണൻ മരിച്ചത്. ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുന്നയാളായിരുന്നു ഇദ്ദേഹം. രാത്രിയിൽ വിവിധ പ്രതിപക്ഷ സംഘടനകൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് 17കാരനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. പിന്നാലെ ഇയാൾക്ക് വീണ്ടും ജാമ്യം ലഭിച്ചു. അതേസമയം വാഹനഉടമയായ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ചുമതലകൂടിയുള്ള അഡീഷണൽ ജില്ലാ ജഡ്ജിയുടെ പേരിൽ കേസെടുക്കുമോ എന്നതിൽ ഇന്ന് തീരുമാനം അറിയാം.
ലൈസൻസില്ലാത്ത മകന് വാഹനം നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ട’ എന്നാണ് ജഡ്ജി പ്രതികരിച്ചതെന്ന് ജയബാലകൃഷ്ണന്റെ അനന്തരവൾ ജയലക്ഷ്മി ആരോപിച്ചു. പ്രതിയുടെ പിതാവ് ജഡ്ജിയാണെന്ന് അറിഞ്ഞപ്പോൾ പൊലീസിന്റെ സമീപനം മാറി. വൈകാരികമായി സംസാരിക്കേണ്ടെന്ന് പറഞ്ഞു. പ്രതിയുടെ ചിത്രമെടുത്തപ്പോൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം അപകടമുണ്ടാക്കിയ 17കാരൻ ഇടയ്ക്കിടെ വാഹനവുമായി റോഡിലിറങ്ങാറുണ്ടെന്നാണ് വിവരം. അപകടസമയം റീൽസ് ചിത്രീകരിക്കാനാണ് ഇയാൾ പിതാവിന്റെ പേരിലുള്ള ബെൻസ് കാറുമായി റോഡിലിറങ്ങിയത്.
