മുംബയ്: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന അരങ്ങേറ്റം കുറിച്ച ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസിനെതിരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെ നഷ്ടപരിഹാരം തേടി കോടതിയിൽ. വെബ് സീരീസ് തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായതും, ദുരുദ്ദേശ്യപരവും, അപകീർത്തികരവുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ് വാംഖഡെ ആരോപിക്കുന്നത്.
രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഐആർഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആഗോള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ് എന്നിവർക്കെതിരെയാണ് കേസ്.
ലഹരിവിരുദ്ധ ഏജൻസികളെ തെറ്റായ രീതിയിലും മോശമായും ചിത്രീകരിക്കുന്നതിലൂടെ വെബ് സീരീസ് തന്റെ ഔദ്യോഗിക ജീവിതത്തിലൂടെ നേടിയ സത്പേരിന് മോശമുണ്ടാക്കുന്നു എന്നാണ് വാംഖഡെയുടെ ആരോപണം. താനും ആര്യൻ ഖാനും ഉൾപ്പെട്ട കേസുകൾ ബോംബെ ഹൈക്കോടതിയിലും മുംബൈയിലെ എൻഡിപിഎസ് പ്രത്യേക കോടതിയിലും നിലനിൽക്കുന്ന സാഹചര്യത്തിൽ തന്റെ സത്പേരിന് മോശമുണ്ടാക്കുന്നു എന്നാണ് വാംഖഡെ പറയുന്നത്.
വെബ് സീരീസിലെ ഒരു പ്രത്യേക രംഗം 1971-ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്നും ഇത് നിയമപ്രകാരം ശിക്ഷാർഹമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അശ്ലീലവും നിന്ദ്യവുമായ ഉള്ളടക്കം ഉപയോഗിച്ച് ദേശീയ വികാരത്തെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ, സീരീസിലെ ഉള്ളടക്കം ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) വിവിധ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. തനിക്ക് ലഭിക്കുന്ന രണ്ട് കോടി രൂപ നഷ്ടപരിഹാരം കാൻസർ രോഗികളുടെ ചികിത്സയ്ക്കായി ടാറ്റ മെമ്മോറിയൽ കാൻസർ ഹോസ്പിറ്റലിന് സംഭാവന ചെയ്യണമെന്നും സമീർ വാംഖഡെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോയുടെ സ്ട്രീമിംഗും വിതരണവും തടയണമെന്നും ഉള്ളടക്കം അപകീർത്തികരമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വ്യക്തിപരമായ സൽപ്പേരിന് കളങ്കം വരുത്തുന്നതിലുപരി ലഹരിക്കെതിരായ നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളിലുള്ള വിശ്വാസത്തെ വെബ് സീരീസ് ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു.
2021 ഒക്ടോബറിൽ ക്രൂയിസ് കപ്പലിൽ നടത്തിയ റെയ്ഡിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് സമീർ വാംഖഡെ. 22 ദിവസം ജയിലിലായിരുന്നെങ്കിലും പിന്നീട് ആര്യൻ ഖാൻ എല്ലാ കേസുകളിൽനിന്നും കുറ്റവിമുക്തനാക്കപ്പെട്ടു.

