ന്യൂഡൽഹി: അടുത്ത മാസം യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും പോരാടും. ഇന്ത്യൻ ടീമിന് പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകികൊണ്ട് വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ കൂടി പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെങ്കിലും പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പര വേണ്ടെന്ന പഴയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രാലയം അറിയിച്ചു.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കരുതെന്ന രീതിയിൽ ചില ആവശ്യങ്ങൾ ഉയർന്നുവന്നിരുന്നു. അടുത്തിടെ നടന്ന മാസ്റ്റേഴ്സ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സെപ്തംബർ 14നാണ് ദുബായ്യിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഒരേ ഗ്രൂപ്പിൽ ആണ് രണ്ട് ടീമുകളും ഉൾപ്പെടുന്നത്. യുഎഇ, ഒമാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് സാദ്ധ്യത കൽപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഫൈനലിൽ ഉൾപ്പെടെ രണ്ട് ടീമുകളും വീണ്ടും ഇതേ ടൂർണമെന്റിൽ പരസ്പരം മത്സരിക്കാൻ സാദ്ധ്യത കൂടുതലാണ്. അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന വേൾഡ് ലെഡൻഡ്സ് ടൂർണമെന്റിൽ പാകിസ്ഥാനുമായി കളിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല.

