കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; വികസന പ്രതീക്ഷയിൽ കേരളവും

  • Home-FINAL
  • India
  • കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; വികസന പ്രതീക്ഷയിൽ കേരളവും

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; വികസന പ്രതീക്ഷയിൽ കേരളവും


തിരുവനന്തപുരം:
ഫെബ്രുവരി ഒന്നിന് കേന്ദ്ര സർക്കാർ ബജറ്റ് .
ബജറ്റിൽ കേരളത്തിന്റെ സമഗ്ര വികസനത്തിന് കരുത്തേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. വിഴിഞ്ഞം വികസന ഇടനാഴി, എയിംസ്, ദീർഘദൂര അമൃത് ട്രെയിൻ, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ തുടങ്ങിയ പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണ് സൂചന.
ഈ മാസം 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൽ നഗര വികസനവുമായി ബന്ധപ്പെട്ട വൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. അത്തരം പദ്ധതികൾ ബജറ്റിലൂടെയും അംഗീകാരം നേടാൻ സാധ്യതയുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങൾ ലക്ഷ്യമാക്കി റെയിൽ കണക്ടിവിറ്റി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീഫുഡ് പാർക്ക്, ലോജിസ്റ്റിക്സ്, ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തതാണ് വിഴിഞ്ഞം വികസന ഇടനാഴി. ഇതിലൂടെ വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ വ്യാപിക്കുന്ന വലിയ വ്യവസായ ടൗൺഷിപ്പിന് വഴിയൊരുങ്ങും.
മധുര, ചെന്നൈ, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്കുള്ള ബന്ധം ശക്തിപ്പെടുത്തുകയും, റെയിൽ–റോഡ്–കടൽ ഗതാഗതം ഏകോപിപ്പിച്ച ചരക്ക് കൈമാറ്റ സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്താൽ കേരളത്തിന് വലിയ സാമ്പത്തിക മുന്നേറ്റം കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഭാരതമാല പദ്ധതിയുമായി വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കൽ, ദേശീയ ചരക്ക് ഗതാഗത ഇടനാഴിയിൽ ഉൾപ്പെടുത്തൽ, ലോജിസ്റ്റിക് പാർക്കുകളുടെ സ്ഥാപനം, തീരദേശ ഷിപ്പിംഗ് സർവീസുകളുടെ വികസനം, ഇലക്ട്രിക് ബസ് ശൃംഖലയുടെ വ്യാപനം, മെട്രോ ഉൾപ്പെടെയുള്ള ആധുനിക നഗര ഗതാഗത സംവിധാനങ്ങൾ എന്നിവയ്ക്കും ബജറ്റിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നു.
ശബരി റെയിൽപ്പാതയും വൈദ്യുതി പദ്ധതികളും
ശബരി റെയിൽപ്പാത, ദീർഘദൂര അമൃത് ട്രെയിൻ, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എന്നിവ കേരളത്തിനായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സഹായത്തോടെ ആണവ നിലയം, സോളാർ വൈദ്യുതി പദ്ധതികൾ, ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവയും പരിഗണനയിൽ
പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടു
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 21,000 കോടി രൂപയുടെ പ്രത്യേക സഹായ പാക്കേജ് എന്നിവ കേന്ദ്ര സർക്കാരിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Comment