ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപ്പിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ അന്വേഷിക്കുന്നതിനിടെ പുതിയ കണ്ടെത്തൽ. അപകടത്തിൽപ്പെട്ട ബസിൽ 234 സ്മാർട്ട്‌ഫോണുകളടങ്ങിയ ലഗേജും അടങ്ങിയിരുന്നു. തീപ്പിടിത്തത്തിന്റെ തീവ്രത വർധിക്കാൻ ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിച്ചത് കാരണമായതെന്നാണ് ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇതിനൊപ്പം ബസിലെ എസി സംവിധാനത്തിലെ ബാറ്ററികളും പൊട്ടിത്തെറിച്ചു.
46 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലെ ഫ്‌ളിപ്കാർട്ട് ഗോഡൗണിലേക്ക് അയച്ചതായിരുന്നു. ബസിന് തീപ്പിടിച്ചതോടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിച്ചതിന് പുറമെ, ബസിന്റെ എയർ കണ്ടീഷനിംഗ് സംവിധാനത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ പി. വെങ്കട്ടരാമൻ ചൂണ്ടിക്കാട്ടി. ചൂട് വളരെ കഠിനമായതിനാൽ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ ഉരുകിപ്പോയെന്ന് വെങ്കട്ടരാമൻ പറഞ്ഞു.
ബസിന്റെ നിർമ്മാണത്തിലെ ഘടനാപരമായ പിഴവും ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളികളാണ് ഉപയോഗിച്ചത്.

