ബംഗളൂരു: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബംഗളൂരു എഫ്.സി. ഒന്നാം ടീമിലെ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും ശമ്പളമാണ് നിറുത്തിവച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.സ്.എൽ) ഭാവി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണിത്. ഐ.എസ്.എൽ അനിശ്ചിതമായി നീട്ടിവെച്ചതാണ് ലീഗിന്റെയും ക്ലബുകളുടെയും പ്രവർത്തനത്തെ ബാധിച്ചത്. ‘ഐ.എസ്.എൽ ഭാവി സംബന്ധിച്ച അനിശ്ചിതാവസ്ഥ മൂലം കളിക്കാരുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും ശമ്പളം താൽക്കാലികമായി നിർത്തിവെക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഇന്ത്യൻ ഫുട്ബാളിൽ ഒരു ക്ലബ് നടത്തിക്കൊണ്ടു പോകുക എന്ന വെല്ലുവിളിയേറിയ ജോലി ഞങ്ങൾ എല്ലാ സീസണിലും ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നായിരുന്നു ബി.എഫ്.സി പത്രക്കുറിപ്പിൽ അറിയിച്ചത്.
ലീഗിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ഇതല്ലാതെ മറ്റു വഴികളില്ല. താരങ്ങളുടെയും ജീവനക്കാരുടെയും കുടുംബത്തിന്റെയും ക്ഷേമവും ഭാവിയുമാണ് ഞങ്ങൾക്ക് പ്രധാനം. ഇതിനൊരു പരിഹാരത്തിനായി കാത്തിരിക്കെ തന്നെ അവരുമായി ബന്ധം നിലനിർത്തുന്നുണ്ട്. രാജ്യത്തെ ഫുട്ബാൾ വികസനത്തെയോ യുവതാരങ്ങൾക്കുള്ള ഫുട്ബാൾ സ്‌കൂളുകളെയോ ഇത് ബാധിക്കില്ല. കായികരംഗത്തിന്റെ വളർച്ചക്കും വികസനത്തിനുമായി ക്ലബ് തുടർന്നും പ്രവർത്തിക്കും. ഈ പ്രതിസന്ധിക്ക് വേഗത്തിൽ ഒരു പരിഹാരം ആവശ്യമാണെന്നും ബി.എഫ്.സി പ്രസ്താവനയിൽ വ്യക്തമാക്കി.

