ന്യൂഡൽഹി: ഇന്ത്യ-ചൈന രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കും. ഈ മാസം അവസാനത്തോടെ സർവ്വീസുകൾ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇരു രാജ്യങ്ങളുടെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ഈ വർഷം ആദ്യം മുതൽ നടക്കുന്നുണ്ടായിരുന്നു. നേരിട്ടുള്ള വിമാനസർവ്വീസ്, പുതുക്കിയ വ്യോമ സേവന കരാർ എന്നിവയിലൂന്നിയുമായിരുന്നു പ്രധാന ചർച്ചകൾ. പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വിമാനക്കമ്പനികൾക്ക് അനുവദിച്ച പോയിന്റുകളിൽ നിന്നും സർവ്വീസുകൾ നടത്താം.

