ന്യൂഡൽഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ബി.ആർ. ഗവായ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകുന്നത്. 65 വയസ്സ് തികയുന്ന 2027 ഫെബ്രുവരി 9 വരെ ഏകദേശം 15 മാസക്കാലം അദ്ദേഹം ഈ പദവിയിൽ തുടരും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയർ ആയ ജഡ്ജിനെയാണ് ചീഫ് ജസ്റ്റിസായി നിശ്ചയിക്കുക. സത്യപ്രതിജ്ഞാച്ചടങ്ങിൽ പ്രധാനമന്ത്രിയുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു. ആറ് വിദേശ രാജ്യങ്ങളിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ഹരിയാണയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യവ്യക്തികൂടിയാണ് സൂര്യകാന്ത്.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ചതുൾപ്പെടെ ഒട്ടേറെ സുപ്രധാന വിധികൾക്കു പിന്നിൽ ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ്. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൊണ്ട് ഇത്തരം കേസുകളിലെ എഫ്ഐആറുകളിൽ തുടർനടപടികൾ പാടില്ലെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്തുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ, ബിഹാർ എസ്ഐആറിന്റെ ഭാഗമായി കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്.

