ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്

  • Home-FINAL
  • India
  • ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്


ന്യൂഡൽഹി:കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെന്നിനെ കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ
ചീഫ് ജസ്റ്റിസായ നിതിൻ ജാംദാർ ജനുവരി ഒൻപതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് സൗമൻ സെന്നിന് കേരള ഹൈക്കോടതിയിലേക്ക് മാറ്റം ലഭിക്കുന്നത്.
പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശിയാണ് സൗമൻ സെൻ . 1965 ജൂലൈ 27നാണ് ജനനം. കൊൽക്കത്തയിലെ സെൻ്റ്. ലോറൻസ് ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസ പൂ‍ർത്തിയാക്കിയ സൗമൻ സെൻ കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽനിന്ന് ഉയർന്ന മാർക്കോടെ നിയമബിരുദം നേടി. 1991ൽ പശ്ചിമ ബംഗാൾ ബൗർ കൗൺസിലിൽ അഭിഭാഷകനായി എൻ‍റോൾ ചെയ്തു.
കൊൽക്കത്ത ഹൈക്കോടതിയിൽ 20 വർഷം നീണ്ട അഭിഭാഷകവൃത്തിക്ക് ശേഷം 2011 ഏപ്രിൽ 13ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. അഭിഭാഷകനായിരിക്കെ, സിവിൽ, ഭരണഘടനാ, ബാങ്കിങ് മേഖലകളിലെ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ആർബിഐ, സെബി തുടങ്ങിയ സ്ഥാപനങ്ങൾക്കായി ഹാജരായിട്ടുണ്ട്. 2025 സെപ്റ്റംബർ 15ന് കൊൽക്കത്ത ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ് നേതൃത്വം നൽകിയ കൊളീജിയത്തിൻ്റെ ശുപാർശ പ്രകാരം സെപ്റ്റംബർ 26ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെന്നിനെ കേന്ദ്രസർക്കാർ നിയമിച്ചു. ഒക്ടോബർ എട്ടിന് ഷില്ലോങ്ങിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്‌ഞ ചെയ്തു.
ഡിസംബർ 18ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ കൊളീജിയം ആണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സൗമൻ സെന്നിനെ ശുപാർശ ചെയ്തത്. 2027 ജൂലൈ 26നാണ് സൗമൻ സെൻ വിരമിക്കുക.

Leave A Comment