തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ച ചർച്ചയായിരിക്കെ, പൂജകളുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നിലനിൽക്കുന്നതായി വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഇന്റലിജൻസ് റിപ്പോർട്ട്. ഏറെ പ്രാധാന്യമുള്ള ‘പടി പൂജ’യുടെ അലോട്ട്മെന്റിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.
ദേവസ്വം ബോർഡ് ജീവനക്കാരുടെയും ഇടനിലക്കാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ക്രമക്കേടുകൾ നടക്കുന്നതെന്ന് വിജിലൻസ് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കുന്നു. ശബരിമലയിൽ നിലവിൽ 18 തരത്തിലുള്ള പൂജകളും 39 തരത്തിലുള്ള വഴിപാടുകളുമാണ് നടക്കുന്നത്. ഇതിൽ പലതിന്റെയും നടത്തിപ്പിൽ സാമ്പത്തിക ലാഭത്തിനായി ഉദ്യോഗസ്ഥർ ഇടപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
‘പടി പൂജ’യുടെ ഔദ്യോഗിക നിരക്ക് 1.37 ലക്ഷം രൂപയായിരിക്കെ, ദേവസ്വം ജീവനക്കാരുടെ ബിനാമികൾ വഴി ഈ ബുക്കിംഗുകൾ കരസ്ഥമാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഭക്തർക്കു 10 ഇരട്ടിയോളം തുകയ്ക്ക് ഇത് മറിച്ചു വിൽക്കുന്നുവെന്നാണ് റിപ്പോർട്ടിലെ ഗുരുതര ആരോപണം. നിലവിൽ പടി പൂജയുടെ ബുക്കിംഗ് 2041 വരെ ഫുൾ ആണെന്നും റിപ്പോർട്ട് പറയുന്നു. തട്ടിപ്പ് മറയ്ക്കുന്നതിനായി യഥാർത്ഥത്തിൽ പണം നൽകിയ ഭക്തരുടെ പേരുകൾ ദേവസ്വം രേഖകളിൽ ഉൾപ്പെടുത്താറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പടി പൂജ ബുക്ക് ചെയ്തവരിൽ പലരും പൂജ നടത്താതെ, ആ സ്ലോട്ടുകൾ ഉയർന്ന തുകക്ക് ‘ലേലം’ ചെയ്തതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘തങ്ക അങ്കി ചാർത്ത്’, ‘അഷ്ടാഭിഷേകം’ (2035 വരെ ബുക്കിംഗ് പൂർണ്ണം), ‘സഹസ്രകലശം’ (2030 വരെ), ‘ഉദയാസ്തമന പൂജ’, ‘പുഷ്പാഭിഷേകം’, ‘കലശാഭിഷേകം’ തുടങ്ങിയ വഴിപാടുകളിലും ഇതേ മാതൃകയിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ ടെൻഡർ നടപടികളിലും ഗുരുതര അഴിമതി ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഗാർഡുകളും സുരക്ഷാ ജീവനക്കാരും സമ്പന്നരായ ഭക്തരിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ സ്വീകരിച്ച് ‘വിഐപി സൗകര്യങ്ങൾ’ ഒരുക്കിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ശബരിമലയിലെ അഴിമതി പൂർണ്ണമായും തുടച്ചുനീക്കാൻ കൃത്യവും ദീർഘകാലവുമായ നടപടികൾ അനിവാര്യമാണെന്നും, ഉന്നതതല അന്വേഷണവും ശക്തമായ ശിക്ഷാനടപടികളും വേണമെന്നുമാണ് വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെ ശിപാർശ.

