ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കുഴിച്ചു തുടങ്ങി. മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിലാണ് പരിശോധന. കുഴിയെടുക്കുന്നതിന് ആവശ്യമായ വസ്തുക്കൾ പോലീസ് വാഹനത്തിൽ നേത്രാവതി നദിക്കരയിൽ എത്തിച്ചു.
ഫോറൻസിക് വിദഗ്ധർ, വനം ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ആന്റി-നക്സൽ ഫോഴ്സ് (എഎൻഎഫ്) ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തൊഴിലാളികൾ എന്നിവരടങ്ങുന്ന വലിയ സംഘം സ്ഥലത്തുണ്ട്. പഞ്ചായത്തിൽ നിന്ന് കുഴിയെടുക്കാനുള്ള ആളുകളെ എത്തിക്കാൻ എസ്ഐടി നിർദേശിച്ചിരുന്നു.
ധർമസ്ഥലയിൽ മൃതശരീരങ്ങൾ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങൾ കുഴിച്ചിട്ട 15 സ്ഥലങ്ങൾ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. റിപ്പോർട്ടുകൾ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങൾ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പതു മുതൽ 12 വരെയുള്ള സ്ഥലങ്ങൾ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങൾ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്. എല്ലാ സ്പോട്ടുകളിലും എസ്ഐടി ഉദ്യോഗസ്ഥർ ജിയോടാഗിങ് നടത്തിയിട്ടുണ്ട്.

